തലക്കെട്ട് കണ്ടു ഇപ്പൊ എഴുതാന്‍ പോണത് നല്ല വെടിക്കെട്ട് സാധനം ആണന്നു ആരും തെറ്റിദ്ധരിക്കരുത്. കുഞ്ഞുമോളുടെ പ്രസിദ്ധികരിച്ചു വന്ന ആദ്യത്തെ കഥയുടെ തലക്കെട്ടാനിത്. ഇനി എന്തുകൊണ്ട് കുഞ്ഞുമോള്‍ ഈ പേര് സെലക്റ്റ് ചെയ്തു എന്ന് കരുതി ആരും തല പുകയ്ക്കണ്ട. നല്ല മനോഹരമായ “ഉണ്ണിക്കുട്ടന്റെ ആദ്യത്തെ ഉത്സവം’ എന്നാ ടൈറ്റില്‍ ഞാന്‍ കൊടുത്തതാ. പക്ഷെ “കന്യക” യുടെ എഡിറ്റര്‍ അതിനെ പിച്ചിക്കീറി വെടികെട്ട് എന്ന് ആക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചില്ല.
10 ആം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഈ സംഭവം എന്നതിനാലും, കോടതിയും കേസും ആയി നടക്കാന്‍ താത്പര്യം ഇല്ലാത്തതിനാലും ഞാന്‍ പരാര്തിപ്പെട്ടില്ല. ( പരാതിപെട്ടിരുന്നെങ്കില്‍ വല്ലോം സംഭവിച്ചേനെ പോലും). നടന്നത് നടന്നു. പക്ഷെ ഇപ്പോഴും ഞാന്‍ അതിനു അനുഭവിച്ചുകൊണ്ടിരിക്കുവാ. കാര്യം സംഭവം നടന്നിട്ട് വര്ഷം 10 കഴിഞ്ഞെങ്കിലും വീട്ടുകാരും നാട്ടുകാരും ഇപ്പോഴും മറന്നിട്ടില്ല അതിന്റെ ടൈറ്റില്‍.
അപ്പൊ ഞാന്‍ പറഞ്ഞുവരുന്നത് എന്താണന്നു വെച്ചാല്‍ കുഞ്ഞുമോള്‍ക്ക് പണ്ട് തൊട്ടേ എഴുത്തിന്റെ അസുഖം ഉണ്ടായിരുന്നു എന്നാണ്. പത്തില്‍ പഠിക്കുമ്പോള്‍ തന്നെ സംസ്ഥാന തലത്തില്‍ ചെറുകഥ മത്സരത്തിനു പോയിട്ടുണ്ട്. മമ്മിയേം കൂട്ടി ആണ് പോയത്. ഫ്രീ ആയിട്ട ഒരു ആതിരപ്പള്ളി ട്രിപ്പ് ഒത്തു. ഇപ്പോഴും മമ്മി പറയാറുണ്ട് എന്റെ മോള്‍ പണ്ട് ചാലക്കുടീല്‍ പോയി സമ്മാനം മേടിച്ചിട്ടുള്ള ടീം ആണന്നു.
അതിനു ശേഷം അത്പോലത്തെ കടുംകൈകള്‍ ഒന്നും ഇതവരെ ചെയ്തിട്ടില്ല. (പൂര്‍വികര്‍ ചെയ്ത പുണ്യം!!). പിന്നെ പഠിപ്പും കാര്യങ്ങളുമായി അങ്ങ് പോയി. ഇപ്പൊ കല്യാണം കഴിഞ്ഞു ഒരു സൈഡ് ആയപ്പോഴാ വീണ്ടും മോഹം മുളപൊട്ടിയത്. സ്വന്തമായി പൊട്ടിയതല്ല. എന്റെ വാചകമടി കൊണ്ട് സഹികെട്ട എന്റെ പ്രിയതമന്‍ ആണ് ഇതിന്റെ പിന്നില്‍. വാചകമടി മാത്രമോ,എല്ലാ ദിവസവും രാവിലെ കണ്ണ് തുറക്കുന്നെനു മുന്നേ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ കേട്ട് അദ്ദേഹത്തിന് ബോറടിച്ചു. ഇനി നാട്ടുകാര് കേട്ട് മരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ പ്രിയ നാട്ടുകാരെ കൂട്ടുകാരെ, എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ പ്ലീസ് കോണ്ടാക്റ്റ് മൈ ഡിയര്‍ പ്രിയതമന്‍. അങ്ങേര്‍ക്കു വേണ്ടി കൂടെ ഞാന്‍ ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു. അങ്ങാണ് ഇതിന്റെ പിന്നെ പ്രചോദനം, ശക്തി,വന്‍മതില്‍ etc …
PS : അങ്ങ്, അദ്ദേഹം,പ്രിയതമന്‍, നാഥന്‍ എന്നാ വിളി ഒന്നും കേട്ട് ആരും തെറ്റിദ്ധരിക്കണ്ട. ഞാന്‍ 60 s & 70 s മോഡല്‍ സിനിമ അനുകരിച്ചതാ. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനറിയാം എന്നതാ വിളിക്കുന്നതെന്ന്.